National News

പുതുചരിത്രമെഴുതി കേരളത്തിന്റെ ദില്ലി സമരം

സമര പോരാട്ടത്തിന്റെ ചരിത്ര നിമിഷങ്ങൾക്ക് വേദിയാകുകയായിരുന്നു രാജ്യ തലസ്ഥാനത്തെ കേരളത്തിന്റെ ദില്ലി സമരം .നരേന്ദ്ര മോദി സർക്കാരിനെതിരെ കേരളം പ്രഖ്യാപിച്ച സമരത്തിന്റെ അലയൊലികൾ രാജ്യമാകെ വീശിയടിച്ചതാണ് പ്രതിഷേധ സദസിൽ കാണാനായത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, ഡി എം കെ മന്ത്രി പളനിവേൽ ത്യാഗരാജൻ, കപിൽ സിബൽ അടക്കം ദേശീയ പ്രതിപക്ഷ നേതാക്കൾ കേരളത്തിന് പിന്തുണയുമായി എത്തി.

ഗവർണർമാരെയും അന്വേഷണ ഏജൻസികളെയും ഉപയോഗിച്ച് ബിജെപി സർക്കാർ അധികാരം കയ്യേറുകയാണെന്ന് കെജ്‌രിവാൾ പറഞ്ഞു. കാർഷിക സംസ്ഥാനമായ പഞ്ചാബിനോടുള്ള മോദി സർക്കാരിന്റെ അവഗണന അക്കമിട്ട് നിരത്തികൊണ്ടായിരുന്നു മുഖ്യമന്ത്രി ഭഗവത് മൻ പ്രസംഗിച്ചത്.പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വാനമാണ് കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള നടത്തിയത്.ഈ പോരാട്ടം നമ്മൾ വിജയിക്കുമെന്നും രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം നടക്കില്ലെന്നും സീതാറാ യെച്ചൂരി പറഞ്ഞു.കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് മോദി സർക്കാർ നിലകൊളളുന്നതെന്നും സംസ്ഥാനങ്ങളുടെ അധികാരം കവരാൻ അനുവദിക്കില്ലെന്നും ഡി രാജ പറഞ്ഞു.ബിജെപി ഇതര സംസ്ഥാനങ്ങളെ അടിച്ചമർത്താൻ ബിജെപി സർക്കാർ ശ്രമിക്കുകയാണെന്ന് ഡിഎംകെ മന്ത്രി പിടിആർ പറഞ്ഞു.കേരളത്തിന്റെ സമരത്തിന് എല്ലാവിധ പിന്തുണയും നൽകുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സന്ദേശവും സദസ്സിൽ വായിച്ചു. തമിഴ്നാട് രാജ്യസഭാ എംപി തിരുച്ചി ശിവയും പ്രതിഷേധ സദയിൽ പിന്തുണയുമായെത്തി.

Leave a Reply

Your email address will not be published. Required fields are marked *