National News

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സംഗമം ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് ഇന്ന് തുടക്കം.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു

കേരളത്തിന്റെ സാങ്കേതികവിദ്യാ രംഗത്തിനും വ്യാപാര മേഖലയ്ക്കും പുത്തൻ ഊർജ്ജം പകരുന്ന അഞ്ചാമത് ‘ഹഡില്‍ ഗ്ലോബല്‍’ സ്റ്റാർട്ടപ്പ് ഉച്ചകോടിക്ക് ഇന്ന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഉച്ചകോടി നവംബര്‍ 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വിഴിഞ്ഞത്താണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന് പേരുകേട്ട ‘ഹഡില്‍ ഗ്ലോബല്‍’ ഉച്ചകോടിയിൽ 15,000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, ഓസ്ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെര്‍, എസ്ബിഐ ട്രാന്‍സക്ഷന്‍ ബാങ്കിംഗ് ആന്‍ഡ് ന്യൂ ഇനീഷ്യേറ്റീവ്സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ റാണ അശുതോഷ് കുമാര്‍ സിംഗ് എന്നിവരും ഉച്ചകോടിയിൽ പങ്കാളികളാവുന്നുണ്ട്. സ്റ്റാർട്ടപ്പ് രംഗത്തെയും സാങ്കേതിക രംഗത്തെയും അന്താരാഷ്ട്ര പ്രമുഖർ പങ്കെടുക്കുന്ന ഈ ത്രിദിന സമ്മേളനത്തിൽ പുത്തൻ സംരംഭകർക്ക് തങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് മാർഗ്ഗോപദേശങ്ങൾ നേടുന്നതിന് അവസരമൊരുങ്ങും. റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങി ഒരുപാട് നൂതന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉൽപന്നങ്ങള്‍ ഉച്ചകോടിയിൽ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ചെറുധാന്യങ്ങള്‍ (മില്ലറ്റ്), വിളകള്‍, പഴങ്ങള്‍ എന്നിവയില്‍ നിന്ന് നിര്‍മ്മിച്ച മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.

കേരളത്തിലെ സംരംഭകത്വ വികസനത്തിനും സ്റ്റാർട്ടപ്പ് സൗഹാർദ്ദ അന്തരീക്ഷം ശക്തമാക്കുന്നതിനും 2018 മുതല്‍ ‘ഹഡില്‍ ഗ്ലോബൽ’ സംഘടിപ്പിക്കുന്നുണ്ട്. അറിവും നൈപുണിയും കൈമുതലായ വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാൻ സർക്കാർ നടപ്പാക്കി വരുന്ന സമഗ്ര നടപടികളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഈ ഉച്ചകോടി.

#HuddleGlobal

Leave a Reply

Your email address will not be published. Required fields are marked *